A write up by daughter's son Anwar Sayed of Sheik Fareed Saheb.

അബ്ദുള്‍ മജീദ്‌ മരിക്കാര്‍..

വിസ്മൃതിയുടെ  ആളൊഴിഞ്ഞ തുരുത്തിലേക്ക് ഒരിക്കലും വലിച്ചെറിയപ്പെടരുതാത്ത  ഈ മഹത് വക്തിത്വത്തിന്റെ നൂറ്റിയൊന്നാം ജന്മദിനമാണിന്ന്..

സിലോണിലെ (ശ്രീലങ്ക) കാന്‍ഡിയില്‍ നിന്നും വന്‍കിട ബിസ്സിനസ്സ്-നിര്‍മാണസംരഭകനായി ബ്രിട്ടീഷ് ഇന്ത്യയിലെ കേരളത്തിലെത്തിയ H O L മരിക്കാരുടെയും മറിയം ബീവിയുടെയും പ്രഥമ പുത്രനായി മജീദ്‌ മരിക്കാര്‍ 1914 ജൂലായ് പത്തിന് ഇടുക്കിയിലെ പീരുമേട്ടില്‍ ജനിച്ചു.

മൂന്നാറിലെ പ്ലാന്‍റെഷന്‍ വികസനത്തിലൂടെയും നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെയും വന്‍ ബിസിനസ്സ് സംരഭകനായി മാറിയ H O L മരിക്കാര്‍, അമേരിക്കന്‍ നിര്‍മിത ഫോര്‍ഡ് കാറുകളുടെയും ട്രക്കുകളുടെയും ഇറക്കുമതി ലൈസന്‍സ് 1930 ല്‍ നേടുക വഴി രാജ്യത്തെതന്നെ പ്രമുഖവ്യവസായികളില്‍ ഒരാളായി മാറി. അതുകൊണ്ടുതന്നെ പഠനത്തിലും പഠനേതര വിഷയങ്ങളിലും അതീവമിടുക്കനായിരുന്ന മജീദ്‌ മരിക്കാര്‍ക്ക് മികച്ചൊരു ജഡ്ജ് എന്ന മോഹം പാതി വഴി  ഉപേക്ഷിച്ച് രണ്ടുവര്‍ഷം നീണ്ട തന്‍റെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവാതെ പിതാവിനോടൊപ്പം കുടുംബവ്യവസായത്തിലേക്കിറങ്ങേണ്ടി വന്നു.

1944 ല്‍ പിതാവിന്റെ നിര്യാണത്തോടെ മരിക്കാര്‍ ആന്‍ഡ്‌ സൺസ് പ്രൈവറ്റ് ലിമിറ്റഡ്ന്‍റെ ചെയര്‍മാനായി മജീദ്‌ മരിക്കാര്‍ അവരോധിതനായി. ഇതിനോടകം തന്നെ ഉജ്വലവാഗ്മിയായും പുരോഗമനചിന്തകനെന്നനിലയിലും അറിയപ്പെട്ടു കഴിഞ്ഞിരുന്ന അദ്ദേഹം തന്‍റെ മുപ്പത്തിനാലാം വയസ്സില്‍ 1948 ലെ തിരു-കൊച്ചി നിയമസഭയില്‍ M L A ആയി തിരഞ്ഞെടുക്കപ്പെട്ടു. 1952 വരെ ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹം, ആ വര്‍ഷം തന്നെ ഇന്നത്തെ മുസ്ലിം ലീഗിന്റെ പഴയ പതിപ്പായിരുന്ന ട്രാവന്‍കൂര്‍ സ്റ്റേറ്റ് മുസ്ലിംലീഗിന്റെ അധിഷേധ്യ പ്രസിഡണ്ടായി.

പെരുമ്പാവൂരിനെ മുനിസിപ്പാലിറ്റിയാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന തികച്ചും മതേതരനായ അദേഹത്തിനെതിരെ മതവിഭാഗീയത വളര്‍ത്തി സ്വന്തം ഇടവക ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അന്നത്തെ രാഷ്ട്രീയ-സാമൂഹികപൊതുവേദിയില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു നിയമന്ജനും, ധനാഢ്യനും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന വിജയം കണ്ടില്ലായിരുന്നെങ്കില്‍ 1953 ജൂണ്‍ 30ന് നിലവില്‍ വന്ന പെരുമ്പാവൂര്‍ നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ മറ്റൊരാളാവുമായിരുന്നില്ല.

പിന്നീട് ജമാഅത്ത് ഫെഡറേഷന്‍റെ തലവനായി തിരഞ്ഞെടുക്കപെട്ട അദ്ദേഹം, ദീര്‍ഘകാലം വഖഫ്ബോര്‍ഡ് ചെയര്‍മാനായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ഈ ഭരണകാലയളവിലാണ് മുസ്ലിം വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍, പ്രത്യേകിച്ചും വനിതാവിദ്യാഭ്യാസമേഖലയില്‍ സ്ഫോടനാത്മകമായ മാറ്റംസംഭവിച്ചത്.
ഇന്ന് കേരളമൊട്ടാകെ അലയടിക്കുന്ന മുസ്ലിം വിദ്യാഭ്യാസ ഉന്നതിയുടെ ഉണര്‍വ് അതില്‍ നിന്നുണ്ടായതാണന്നത് തര്‍ക്കമറ്റകാര്യമാണ്.

പെരുമ്പാവൂര്‍ കണ്ടന്തറ സ്കൂള്‍ തുടങ്ങി അര ഡസ്സനോളം സ്കൂളുകളും അടിമാലി ടൗണ്‍ ജുമാമസ്ജിദ് ഉള്‍പ്പടെ അനേകം പള്ളികളും അദ്ദേഹത്തിന്റെ ശ്രമഫലമായി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹം മദ്ധ്യകേരളത്തിലെ പള്ളികള്‍ക്കായുണ്ടാക്കിയ നിയമവ്യവസ്ഥകളടങ്ങിയ ബൈലോ ആണ് കേരളത്തിലെഭൂരിപക്ഷം പള്ളികളിലും ഇന്നും പിന്തുടരുന്നത്.

ചരിത്രരേഖകളും അപൂര്‍വഅമൂല്യ ഗ്രന്ഥങ്ങളും അടങ്ങിയ അക്കാലത്തെ ഏറ്റവും വിപുലമായ സ്വകാര്യ ലൈബ്രറിക്കുടമയായിരുന്ന അദേഹത്തെ പല യൂണിവേഴ്സിറ്റികളിലും പ്രഭാക്ഷകനായി ക്ഷണിച്ചിരുന്നു.
മറ്റു മതങ്ങളെകുറിച്ചും വ്യവസ്ഥിതികളെകുറിച്ചും അദ്ദേഹത്തിന് പരിജ്ഞാനമുള്ളതിനാല്‍ ജാതിമതഭേദമന്യേ മധ്യസ്ഥതക്കും മറ്റു ഉപദേശങ്ങള്‍ക്കും ജനങ്ങള്‍ അദേഹത്തെ സമീപിച്ചിരുന്നു. അദ്ദേഹം സ്വപ്നം കണ്ടിരുന്ന ഒരു ന്യായാധിപനെപോലെ പ്രശ്നപരിഹാരത്തിനുള്ള അവസാനവാക്കായി അവര്‍ അദേഹത്തെ കണ്ടിരുന്നു.

ലോകചരിത്രത്തില്‍ ആദ്യമായി പരിശുദ്ധ ഖുര്‍ആന്‍ മലയാളപരിഭാഷ അച്ചടിച്ചതിന് അനുഗ്രഹമാകാന്‍ പെരുമ്പാവൂരിന്റെ മണ്ണിനു ഭാഗ്യമുണ്ടായത്തിന്റെ നിര്‍ണായകശക്തി മജീദ്‌ മരിക്കറായിരുന്നു. V P ഷെയ്ക്ക് ഫരീദ്,C N അഹമ്മദ് മൗലവി, മുഹമ്മദുള്ള മാസ്റ്റര്‍ അദ്ദേഹത്തിന്റെ പത്നി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പത്രാധിപര്‍ ഹലീമബീവി എന്നിവരടങ്ങിയ അക്കാലത്തിലെ വിപ്ലവചിന്തകരുടെ പുരോഗമനആശയങ്ങളെ അച്ചടിമഷിപുരട്ടി ജനങ്ങളിലെത്തിച്ചിരുന്നത് മജീദ്‌ മരക്കാരുടെ ഉടമസ്ഥതയിലുള്ള 'ന്യൂ പ്രിന്റിംഗ് ഹൗസ്' എന്ന പ്രസ്സില്‍ നിന്നായിരുന്നു.
1955 ല്‍ തുടക്കംകുറിച്ച 'അന്‍സാരീസ്' എന്ന മാസിക മുസ്ലിംസമുദായത്തില്‍ നവോദ്ധാനത്തിന്റെ കൊടുങ്കാറ്റുയത്തി മുന്നേറിയത്, ഇംഗ്ലീഷ്ഭാഷ  മുസ്ലിങ്ങള്‍ പഠിക്കുന്നതും, ഖുര്‍ആന്‍ മലയാളത്തിലാക്കുന്നതും കഠിനമായ ദൈവനിന്ദയായികണ്ടിരുന്ന അന്നത്തെ യാഥാസ്ഥികസംഘടനകള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു.

ഇന്നത്തെ പെരുമ്പാവൂര്‍പട്ടണത്തിലെ ശങ്കരയ്യര്‍ വസ്ത്രശാലയ്ക്ക് തൊട്ട് പടിഞ്ഞാറ്ഭാഗത്ത്‌ പ്രവത്തിച്ചിരുന്ന ആ പ്രസ്‌ അച്ചടി പൂര്‍ത്തിയാക്കിയ പതിനഞ്ചോളം അധ്യായങ്ങളുടെ ഖുര്‍ആന്‍ മലയാള പരിഭാഷകളും അനേകകോപ്പി അൻസരീസ് മാസികയുമായി അന്നത്തെ ആയിരകണക്കിന് രൂപയുടെ നഷ്ടത്തില്‍ അഗ്നിക്കിരയാക്കിയ മുസ്ലിംയാഥാസ്ഥികസംഘടനകള്‍ തന്നെ, ഇന്ന് അതേ പരിഭാഷകളിറക്കാന്‍ മത്സരിക്കുന്നത് കാണുബോള്‍ സര്‍വശക്തന്‍ മനുഷ്യചരിത്രത്തില്‍ നടത്തിയ തന്ത്രങ്ങളെ കുറിച്ചോര്‍ത്തുപോകുന്നു.

ആ മാസികയുടെ സ്മരണാര്‍ത്ഥം V P ഷെയ്ക്ക് ഫരീദ് തനിക്കു തായ്‌വഴിയായി ലഭിച്ച നെടുംതോടിലെ തന്‍റെ സ്ഥലത്തിന് അന്സാരീസ് കോര്‍പറേഷന്‍ എന്നപേര് നല്‍കി.. ഇന്നും  എന്‍റെ വീട് ഉള്‍പ്പടെയുള്ള ആ സ്ഥലത്തിന്റെ അഡ്രസ്സ് എന്‍റെമാതൃപിതാവ്‌ ആറുപതിറ്റാണ്ട് മുന്‍പിട്ട അതേപേരില്‍ നിലനിക്കുന്നു.

പെരുമ്പാവൂര്‍ മുസ്ലിം ടൗണ്‍ ജമാഅത്ത് പ്രസിഡണ്ട്‌, മദ്യനിരോധനസമിതി ,പെരുമ്പാവൂര്‍ തമിള്‍സംഘം ,ആശാന്‍ സ്മാരകസമിതി എന്നിവയുടെ തലപ്പത്ത് ഒരേസമയം ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച  മജീദ്‌ മരിക്കാര്‍, അക്ഷരശ്ലോക സമിതി, പെരുമ്പാവൂര്‍ സ്വാതിതിരുനാള്‍ മ്യൂസിക്‌ അസ്സോസിയേഷന്‍, ആലുവ സംഗീതസഭ തുടങ്ങിയ നിരവധി കലാസാംസ്കാരിക സംഘടനകളുടെ സ്രാഷ്ടാക്കളിലൊരാളുമായിരുന്നു. തികഞ്ഞൊരു കലാസ്വാദകനും ശാസ്ത്രീയസംഗീതപ്രേമിയായിരുന്ന അദ്ദേഹം M S സുബ്ബ്‌ലക്ഷ്മി പോലുള്ള സംഗീതലോകത്തെ പ്രഗല്ഭരുമായി സൗഹൃദംപുലര്‍ത്തിയിരുന്നു.

  എന്‍റെ മാതാപിതാക്കളുടെ വിവാഹരജിസ്റ്ററിലെ ഒന്നാംസാക്ഷി എന്ന നിലയില്‍ തുടങ്ങുന്ന തീര്‍ത്തും വൈകാരികമായൊരു ബന്ധമായിരുന്നു മരിക്കാര്‍ സാഹിബുമായി എന്‍റെ കുടുംബത്തിനുണ്ടായിരുന്നത്. എന്‍റെ മാതാവ് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത്‌ ഷെയ്ക് ഫരീദിന്റെ മകളായിരുന്നതിനാല്‍ പിതൃതുല്യമായൊരു വാത്സല്യമാണ് അദ്ദേഹത്തില്‍നിന്നും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്.

അദ്ദേഹവുമായി മണിക്കൂറുകളോളം സംസാരിച്ചിരിക്കുമായിരുന്ന എന്‍റെ പിതാവ്, അദേഹത്തിനു നല്‍കുന്നപോലൊരു ആദരവ് മറ്റൊരാള്‍ക്കും നല്‍കുന്നത് ഞാന്‍ കണ്ടിട്ടില്ല. തനിക്ക് വലിയതാല്പര്യം തോന്നാത്തവരോട് പെട്ടെന്ന് വിഷയംസംസാരിച്ചു പിരിയുന്ന അദ്ദേഹത്തിന്റെ പ്രത്യേകസ്വഭാവത്തെകുറിച്ച് പില്‍കാലത്ത് അദ്ദേഹത്തിന്റെ മക്കളില്‍ നിന്നറിഞ്ഞപ്പോഴാണ് അദ്ദേഹം എന്‍റെ പിതാവിന് നല്‍കിയിരുന്ന പരിഗണനയെത്രയെന്നു ഞാന്‍ തിരിച്ചറിഞ്ഞത്. അത്തരം പരസ്പര സന്ദര്‍ശനം വഴി ഒരുപാട് വിലപ്പെട്ടഓര്‍മ്മകള്‍ എന്നില്‍  അദ്ദേഹത്തിന്റെതായുണ്ട്.

ഷെല്‍ഫില്‍ അടുക്കിവെച്ചിരിക്കുന്ന തടിയന്‍ പുസ്തകങ്ങള്‍ കണ്ട് ''പുസ്തക കച്ചവടമാണോ ജോലി എന്ന് അദേഹത്തോടാരാഞ്ഞത്..
വാനില ഐസ്ക്രീം ജീവിതത്തില്‍ ആദ്യമായി നുണഞ്ഞത്...
ഒരുപിടിയായി കശുവണ്ടിപരിപ്പ് കയ്യില്‍ തരുന്നത്..
ബോര്‍ഡിങ്ങില്‍പോകാതെ വാശിപിടിച്ചുകരഞ്ഞ എന്നെ ആശ്വസിപ്പിച്ചത്..
അങ്ങനെ അങ്ങനെ ഒരുപാട്... 

ഊദിന്‍റെ മണമുള്ള പതുപതുത്ത ആ കൈ സ്പര്‍ശം മൂന്നുപതിറ്റാണ്ടിനുശേഷവും എനിക്ക് അനുഭവിക്കാനാവുന്നുണ്ട്.

വെളുത്തുതുടുത്ത വലിയൊരുശരീരത്തിന്‍റെ  ഇരട്ടിവലുപ്പമുള്ളൊരു മനസ്സുമായി ജീവിച്ച്, 1984 ഒക്ടോബര്‍ 30ന് തിരുവനന്തപുരത്തു വെച്ച് തന്‍റെ എഴുപതാംവയസ്സില്‍  കാലയവനികയ്ക്കുള്ളില്‍മറഞ്ഞ മജീദ്‌ മരിക്കാര്‍ എന്ന ഇതിഹാസത്തെ ഈ ദിനം പ്രാര്‍ത്ഥനാപൂര്‍വ്വം സ്മരിക്കുന്നു.

സര്‍വശക്തനായനാഥന്‍  അദ്ദേഹത്തിന് പരലോകവിജയംനല്‍കി ഉത്തമരായ തന്‍റെ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കട്ടെ എന്ന് ഹൃദയംഗമമായി ദുആ ചെയ്യുന്നു...

No comments:

Post a Comment